• അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം

  എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. ഇതുസംബന്ധിച്ചു നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിനിടെ, തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ ആണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തുക. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലൈ നാല്. ഈ കേസില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യ വ്യവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 138 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍.
   
  കേസില്‍ കഴിഞ്ഞ ദിവസം ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ കൊച്ചി നെട്ടൂര്‍ സ്വദേശി സൈഫുദ്ദീനാണ് അറസ്റ്റിലായത്. അക്രമി സംഘമെത്തിയ വാഹനങ്ങള്‍ ഒളിപ്പിക്കാന്‍ സൈഫുദ്ദീന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഭിമന്യുവിനെ ആക്രമിച്ച സംഘത്തില്‍ സൈഫുദ്ദീന്‍ ഉണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍നിന്നാണു പ്രവര്‍ത്തകര്‍ പിടിയിലായത്. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കും. സംഭവദിവസം 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍പോയ ബിഎ അറബിക്ക് അവസാന വര്‍ഷ വിദ്യാര്‍ഥി എ.ഐ. മുഹമ്മദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
   
  പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നതു മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. ക്യാംപസിനുള്ളിലും ഇവര്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
  അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
   
  കൊലപാതകത്തിന് പിന്നില്‍ പ്രഫഷണല്‍ കൊലയാളി സംഘമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കു പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്കു പുറമെ നിന്നുള്ളവരുടെ സഹായം ലഭിച്ചുവെന്നും ക്യാംപസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണു പിന്നിലെന്നും അന്വേഷണസംഘം വിലയിരുത്തി. ഗൂഢാലോചന അന്വേഷിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.