• യൂത്ത് കോണ്‍ഗ്രസ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു

     കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അകാരണമായി വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. അഞ്ചല്‍  പുനലൂര്‍ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാസങ്ങളായി നിശ്ചലാവസ്ഥയിലായ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30നു പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ കഴിഞ്ഞമാസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ അധികാരികള്‍ക്കോ എംഎല്‍എയ്ക്കോ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഡിപ്പോ അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ ബസ് നോക്കി നെട്ടോട്ടം ഓടുന്ന കാഴ്ച പുനലൂരില്‍ പതിവായി. എത്രയുംവേഗം പണി പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി നിര്‍വാഹക സമിതി അംഗം പുനലൂര്‍ മധു ഉദ്ഘാടനം ചെയ്തു. പ്രതിഷേധമാര്‍ച്ചും റോഡ് ഉപരോധവും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് അലി അധ്യക്ഷത വഹിച്ചു. 
     
    പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, സെക്രട്ടറിമാരായ വി.രാധാകൃഷ്ണന്‍, എസ്.സനില്‍കുമാര്‍ നേതാക്കളായ സന്തോഷ് പനയംഞ്ചേരി, തൗഫീക്ക് അഞ്ചല്‍, അനൂപ് എസ്. രാജ്, അന്‍വര്‍ ഹക്കീം, എബിന്‍, ഷെറിന്‍, ടോജോ ജോസഫ്, വിപിന്‍ പാലമുറ്റം, അനീഷ് ഖാന്‍, സലീം സൈനുബ്ദീന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.