• തോക്കുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖര്‍ പിണറായി വിജയനും, പി.സി ജോര്‍ജും, ഷിബു ബേബി ജോണും

     കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ തോക്കു ലൈസന്‍സുള്ളവരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി ഷിബു ബേബി ജോണും പി.സി. ജോര്‍ജ് എംഎല്‍എയും ഉള്‍പ്പെടുന്നതായി റവന്യൂ വകുപ്പിന്റെ രേഖകള്‍. പിണറായി വിജയനു സ്വയരക്ഷാര്‍ഥം തോക്ക് അനുവദിച്ചിട്ടുണ്ടെന്നു കണ്ണൂര്‍ കലക്ടറേറ്റില്‍നിന്നു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മറ്റുള്ള രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ ലഭ്യമല്ല.സുരക്ഷാ ഭീഷണി നേരിടുന്നയാളാണു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, മുഖ്യമന്ത്രിക്കു ഡല്‍ഹിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ രണ്ടു എസ്യുവികള്‍ കൂടി വാങ്ങാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
     
    ആഭ്യന്തരവകുപ്പിന്റെ 2015 ലെ കണക്കനുസരിച്ച് കൃഷി സംരക്ഷണത്തിനും സ്വയരക്ഷയ്ക്കുമായി സംസ്ഥാനത്ത് 8,191 തോക്ക് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ തോക്ക് ലൈസന്‍സുകളുള്ളത്- 1,633 എണ്ണം. രണ്ടാം സ്ഥാനത്തുള്ള കോട്ടയത്ത് 1,603 ലൈസന്‍സുകളുണ്ട്. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍- 83. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 6,357 ൈലസന്‍സ് അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. കോട്ടയത്താണ് കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ളത്- 1,344 എണ്ണം. തോക്ക് ലൈസന്‍സിനുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നതായാണു റവന്യൂ വകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലൈസന്‍സിന് അപേക്ഷിക്കുന്ന വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ മൂന്നു വനിതകള്‍ക്കു തോക്ക് ലൈസന്‍സ് ഉണ്ട്. കോഴിക്കോട് നാലു പേര്‍ക്കും പാലക്കാട് ജില്ലയില്‍ 15 വനിതകള്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരു വനിതയ്ക്കും തോക്ക് ലൈസന്‍സ് ഉണ്ടെന്നു റവന്യൂ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു ജില്ലകളിലെ വിവരം ലഭ്യമല്ല.
     
    ജീവനു ഭീഷണിയുള്ള വ്യക്തികള്‍ക്കു മാത്രമാണ് തോക്കു ലൈസന്‍സ് അനുവദിക്കുന്നത്. ഇന്ത്യന്‍ ആയുധ നിയമം 1959, ചട്ടങ്ങള്‍ 1962 എന്നിവയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ആയുധ നയങ്ങള്‍ക്കും അനുസരിച്ചാണ് തോക്ക് ലൈസന്‍സ് അനുവദിക്കുന്നതും പുതുക്കി നല്‍കുന്നതും. പൊലീസ്, റവന്യൂ, വനം വകുപ്പുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നത്. റവന്യൂവകുപ്പ്, ആഭ്യന്തരവകുപ്പ്, വനംവകുപ്പ് എന്നിവരുടെ അന്വേഷണം പൂര്‍ത്തിയാകുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ ലൈസന്‍സ് അനുവദിക്കുന്നതും വൈകുന്നുണ്ട്. പ്രതികൂല റിപ്പോര്‍ട്ടാണെങ്കില്‍ അപേക്ഷന്‍ അപ്പീല്‍ നല്‍കുന്നതോടെ നടപടികള്‍ വീണ്ടും നീളും.