• കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു

     കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നു. ഉരുള്‍പൊട്ടലില്‍ കോഴിക്കോട് ഒന്‍പതുവയസ്സുകാരി മരിച്ചു. താമരശേരി കട്ടിപ്പാറ കരിഞ്ചോല സലീമിന്റെ മകള്‍ ദില്‍ന ആണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങി മരിച്ചത്. കട്ടിപ്പാറ മേഖലയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.
     
    വയനാട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലേക്കുള്ള വാഹനങ്ങള്‍ താമരശേരിയിലും ലക്കിടിയിലും വഴിതിരിച്ചുവിടുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാരാപ്പുഴ ഡാം തുറന്നുവിട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മുട്ടില്‍ നെന്മേനിയില്‍ െവള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങള്‍ക്കായി കോളവയല്‍ സെന്റ് ജോര്‍ജ് യുപിസ്‌കൂളില്‍ ദുരിതാശ്വാസക്യാംപ് തുറന്നു. തരിയോട് ഗവ.എല്‍പിഎസിലും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നു. 
     
    വയനാട് ആറാം വയലിലും വീടിനുമുകളില്‍ മണ്ണിടിഞ്ഞു വീണു. ഒരാളെ രക്ഷപെടുത്തി. ഒരാള്‍ മണ്ണിനടിയില്‍. ഉരുള്‍പൊട്ടലുണ്ടായ ഇരിട്ടി കിളിയന്തറ പ്രദേശം റവന്യൂ മന്ത്രി ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സന്ദര്‍ശിക്കും