• 13 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

     ആന്ധ്രപ്രദേശില്‍ നിന്നു ട്രെയിന്‍മാര്‍ഗം കേരളത്തിലേക്കെത്തിച്ച 13 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പെട്ടി ഓട്ടോയിലാണു കഞ്ചാവ് പുനലൂരിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കിഴക്കന്‍മേഖലയിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. നേരത്തെ റെയില്‍വേ പൊലീസ് കഴിഞ്ഞ വര്‍ഷം അഞ്ചു കിലോ വീതം രണ്ടുതവണ കഞ്ചാവു പിടികൂടിയിരുന്നു. പുനലൂര്‍ ടിബി ജംക്ഷനില്‍ നിന്നാണു മൂന്നു പേരെ പുനലൂര്‍ പൊലീസ് പിടികൂടിയത്. ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ സുബ്രഹ്മണ്യന്‍, കരിക്കം കാഞ്ഞിരംവിള വീട്ടില്‍ സുരേഷ്, കരവാളൂര്‍ കുരിയിലും മുകള്‍ പാലത്തും തലയ്ക്കല്‍ വീട്ടില്‍ രാജന്‍കുഞ്ഞ് എന്നിവരാണ് അറസ്റ്റിലായത്. വിജയവാഡയ്ക്കടുത്തുള്ള രാജമുന്ധ്രി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ട്രോളി ബാഗിലാക്കി കഞ്ചാവ് കൊണ്ടു വന്നത്. 
     
    കൊല്ലം റൂറല്‍ എസ്പി ബി.അശോകന്റെ നിര്‍ദേശ പ്രകാരം റൂറല്‍ ഷാഡോ ടീമും പുനലൂര്‍ പൊലീസും ചേര്‍ന്ന് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിനൊടുവിലാണു കഞ്ചാവ് പിടികൂടിയത്. നേരത്തെ ജയിലില്‍വച്ച് പരിചയത്തിലായ പ്രതികള്‍ കഞ്ചാവ് കടത്തുന്നതിനു പദ്ധതിയിടുകയായിരുന്നു. ഓട്ടോ ടാക്‌സിയുടെ ലഗേജ് വയ്ക്കുന്ന ഭാഗത്ത് പോളിത്തീന്‍ കവറുകളിലായി ഭദ്രമായി പാക്ക് ചെയ്ത നിലയിലായിരുന്നു  കഞ്ചാവ്. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, സിഐ ബിനു വര്‍ഗീസ്, എസ്‌ഐമാരായ ജെ. രാജീവ്, കെ.ദിലീഷ്, എഎസ്‌ഐ രവീന്ദ്രന്‍, എസ്സിപിഒ ശ്രീലാല്‍, സിപിഒമാരായ ശബരീഷ്, സന്ദീപ് എന്നിവരും റൂറല്‍ ഷാഡോ എസ്‌ഐ ബിനോജിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഷാജഹാന്‍, ബി.അജയകുമാര്‍, ശിവശങ്കരപ്പിള്ള, കെ.റൂഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള, സി.എസ്.ബിനു എന്നിവരടങ്ങിയ സംഘവും ചേര്‍ന്നാണു കഞ്ചാവ് വേട്ട നടത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആന്ധ്രയിലെ നക്‌സലുകളുടെ അധീനതയിലുള്ള  ഗ്രാമങ്ങളില്‍ നിന്നുള്ള  കഞ്ചാവാണ് പുനലൂരില്‍ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.