• പുനര്‍ജനി കലയനാട് തോട് വീണ്ടെടുക്കലിന്പരിസ്ഥിതി ദിനത്തില്‍ തുടക്കമായി.

     ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ കല്ലടയാറിനെ  ജലസമൃദ്ധിയിലേക്ക് എത്തിക്കാന്‍ സഹായകമായിരുന്ന പുനലൂര്‍കലയനാട് തോട് മാലിന്യം നിറഞ്ഞും കുറേ ഭാഗം നികന്നും നശിക്കുന്നതില്‍ നിന്ന് മുക്തമാക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമിട്ടു. ഒരാഴ്ച കൊണ്ട് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കലയനാട് തോടിനെ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.സേവ് കല്ലടയാര്‍ പദ്ധതിയുടെ ഭാഗമായാണ് പൊതു ജനങ്ങളുടെ സഹകരണമുറപ്പാക്കിപുനലൂര്‍ നഗരസഭ കലയനാട് തോട് ശുചീകരിക്കുന്നത്. പുനര്‍ജനി കലയനാട് തോട് വീണ്ടെടുക്കലിന്റെ ശുചീകരണ ഉദ്ഘാടനം ചൊവ്വ രാവിലെ 10ന് കലയനാട് മാര്‍ക്കറ്റിന് സമീപം മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ നിര്‍വ്വഹിച്ചു. 
     
    സംഘാടക സമിതി കണ്‍വീനര്‍ ഡി ദിനേശന്‍ സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി ഓമനക്കുട്ടന്‍, കൗണ്‍സിലര്‍മാരായ അഡ്വ കെ എ ലത്തീഫ് ,സുബി രാജ്, പ്രസന്ന കൃഷ്ണന്‍, സുനിത, യമുന സുന്ദരേശന്‍, സനില്‍കുമാര്‍ കൃഷി ഓഫീസര്‍ ബീനാ ബീവി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ തസ്ലീമ ജേക്കബ് ,പൊതു പ്രവര്‍ത്തകരായ ഷാജിമോന്‍, തങ്കപ്പന്‍ വൈദ്യര്‍, ഡി രാജന്‍ എന്നിവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടുംബശ്രീ നേതൃത്വത്തില്‍ ഭക്ഷണ പൊതി നല്‍കുന്നുണ്ട്. തോട് തുറക്കല്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കല്‍ എന്നിവയും ശുചീകരണത്തോടൊപ്പം നടക്കുന്നു.നഗരസഭയിലെ താമരപ്പള്ളി, കലയനാട്, പ്ലാച്ചേരി ,കാരയ്ക്കാട് ,ഗ്രേ സിംഗ് ബ്ലോക്ക്, ഐക്കരക്കോണം വാര്‍ഡ് മേഖലകളിലാണ് കലയനാട് തോട് ഒഴുകുന്നത്.ഈ വാര്‍ഡുകളിലെ  തൊഴിലുറപ്പ് തൊഴിലാളികള്‍ വിവിധ സന്നദ്ദ സംഘടനാ പ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്.കൂത്തനാടിയില്‍ നിന്ന് ഉത്ഭവിച്ച് ഐക്കരക്കോണം മൂഴിക്കല്‍ വഴിയാണ് കല്ലടയാറ്റിലേക്ക് തോട് എത്തുന്നത്. ആദ്യ രണ്ട് ദിനം താമരപ്പള്ളി, കലയനാട് മേഖലയിലാണ് ശുചീകരണം. മൂന്നു ദിവസം പ്ലാച്ചേരി ,കാരയ്ക്കാട് ,ഗ്രേ സിംഗ് ബ്ലോക്ക് പ്രദേശങ്ങളിലും പിന്നീട് ഐക്കരക്കോണത്തുമാണ് തോട് ശുചീകരണം. തോട് മലിനമാക്കുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടിയെടുക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ പറഞ്ഞു.