• പോക്‌സോ നിയമം ഭേദഗതി ചെയ്യും

     
    പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുംവിധം നിലവിലുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്യുന്നകാര്യം ഗൗരവമായി ആലോചിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചതു സംബന്ധിച്ച പൊതു താല്‍പര്യഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിക്കവെയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ ഇക്കാര്യം അറിയിച്ചത്. അലഖ് അലോക് ശ്രീവാസ്തവയാണു പൊതു താല്‍പര്യഹര്‍ജി ഫയല്‍ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കു മരണശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വധശിക്ഷയെ എതിര്‍ത്തു. വധശിക്ഷ എല്ലാറ്റിനും പരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്നാണു പുതിയ നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറിയിച്ചത്. ഉപദ്രവിക്കപ്പെട്ട എട്ടുമാസം പ്രായമായ കുട്ടിക്കു വിദഗ്ധ ചികില്‍സ ലഭ്യമാക്കുക, 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. 27നു ഹര്‍ജി വീണ്ടും പരിഗണിക്കും. 
     
    ഇന്ത്യയില്‍ 15 മിനിറ്റിനിടയില്‍ ഒരു കുട്ടി വീതം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടിയായതായും സന്നദ്ധ സംഘടനയായ "ക്രൈ" ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിയാണു മുന്നില്‍. മഹാരാഷ്ട്രയും മധ്യപ്രദേശും തൊട്ടുപിന്നില്‍. ഡല്‍ഹിയും ബംഗാളും അതിനു പിറകില്‍. ഈ അഞ്ചു സംസ്ഥാനങ്ങളിലാണു രാജ്യത്തു കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പകുതി നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.