• വിഴിഞ്ഞം: അദാനിയോട് 18 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

    വിഴിഞ്ഞം പദ്ധതി നടത്തിപ്പില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 18 കോടി നഷ്ടപരിഹാരം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.നിര്‍മ്മാണം ഇഴയുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.സമയപരിധിക്കുള്ളില്‍ നിശ്ചിത തുക ചെലവഴിച്ചില്ലെന്നാണ് നിഗമനം. നേരത്തെ വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി സര്‍ക്കാരും അദാനി കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പദ്ധതിക്കുള്ള പണം സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്താന്‍ കമ്പനിക്ക് അധികാരം നല്‍കിയതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുമെന്നു ജസ്റ്റിസ് സി.രാമചന്ദ്രന്‍ പറഞ്ഞു. പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണു പണയം വയ്ക്കുന്നത്. കമ്പനി ആവശ്യപ്പെടുന്ന ബാങ്കിലേക്കു പണയാധാരം എഴുതികൊടുക്കണമെന്നാണു വ്യവസ്ഥ.
     
    വായ്പ തിരിച്ചടച്ചില്ലെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ബാങ്കിനു പണയ ഭൂമി പിടിച്ചെടുക്കാം. വായ്പയെടുക്കാനുള്ള തുകയുടെ കാര്യത്തില്‍ പരിധി ഉണ്ടോയെന്നും കമ്മിഷന്‍ ചോദിച്ചു. പണയാധാരത്തെ കുറിച്ചു തര്‍ക്കം ഉണ്ടായാല്‍ ആര്‍ബിട്രേറ്ററെ സമീപിക്കണമെന്നു കരാറില്‍ പറയുന്നു. ഇതു നീണ്ട നിയമവ്യവഹാരങ്ങള്‍ക്കു വഴിതെളിക്കുമെന്നു കമ്മിഷന്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അത്തരമൊരു ആശങ്കയുടെ കാര്യമില്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് മുന്‍ സി.ഇ.ഒ സന്തോഷ് മഹാപത്രയുടെ മറുപടി.