• ശക്തിയേറിയ ഭൂചലനത്തെ പോലും പ്രതിരോധിക്കാന്‍ മെട്രോ തൂണുകള്‍ക്ക് കെല്‍പുണ്ടെന്ന് അധികൃതര്‍.

    കലൂരില്‍ മെട്രോ തൂണിനു സമീപം രണ്ടുനില കെട്ടിടം താഴ്ന്നുപോയതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച മെട്രോ ഗതാഗതം വൈകാതെ പുനരാരംഭിക്കും. കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. പക്ഷേ മെട്രോ തൂണുകള്‍ക്കു തകരാര്‍ സംഭവിച്ചിട്ടില്ല. പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍മാരുടെ പരിശോധന പൂര്‍ത്തിയായ ശേഷമേ മെട്രോ സര്‍വീസ് ആരംഭിക്കുകയുള്ളൂ. അതിനിടെ ആളെ കയറ്റാതെയുള്ള മെട്രോ ഓട്ടം ആരംഭിച്ചു. നിലവില്‍ ആലുവയില്‍ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വീസ് നടത്തുന്നുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. മെട്രോ തൂണുകള്‍ 40 അടി ആഴത്തിലുള്ളതാണ്. ശക്തിയേറിയ ഭൂചലനത്തെ പോലും പ്രതിരോധിക്കാന്‍ ഇതിനു കെല്‍പുണ്ട്. എങ്കിലും തൂണുകള്‍ക്കോ, മെട്രോ നിര്‍മിതികള്‍ക്കോ സമീപം അസ്വഭാവികമായെ എന്തെങ്കിലും ഉണ്ടായാല്‍ സര്‍വീസ് തുടരരുത്  എന്നു ചട്ടമുള്ളതിനാലാണു സര്‍വീസ് ഇന്നലെ രാത്രി നിറുത്തിവച്ചതെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ പരിസരത്തെ റോഡ് ഗതാഗതം ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല. കലൂരില്‍ നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങള്‍ സെന്റ് സെബാസ്റ്റ്യന്‍സ് റോഡ് വഴി തിരിച്ചുവിടുകയാണ്. കലൂരിലേക്കു പോകാന്‍ എസ്എ റോഡ് വഴി വരുന്നവര്‍ക്ക് കത്രിക്കടവ് റോഡ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. 
     
    കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം വ്യാഴാഴ്ച രാത്രിയാണ് ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. രാത്രി പത്തോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. തുടര്‍ന്നു സുരക്ഷയുടെ ഭാഗമായി മെട്രോ സര്‍വീസും സമീപത്തു കൂടിയുള്ള റോഡ് ഗതാഗതവും താല്‍കാലികമായി നിര്‍ത്തിവച്ചു. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിര്‍മാണ വസ്തുക്കളും കെട്ടിടത്തിന് അടിയില്‍പ്പെട്ടു. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിങ്ങും നിര്‍ത്തി വച്ചു. രാത്രി തന്നെ കലക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.