• സെക്രട്ടറിയേറ്റിലെ ദളിത് പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ ക്ലാസ് ഫോര്‍ ജീവനക്കാരെ വകുപ്പ് മാറ്റി

     സെക്രട്ടറിയേറ്റിലെ ദളിത് പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ ക്ലാസ് ഫോര്‍ ജീവനക്കാരെ വകുപ്പ് മാറ്റി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് ജീവനക്കാരനെ മാറ്റി നിയമിച്ചത്. എന്നാല്‍ ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പരാതിക്കാരനായ ദളിത് ജീവനക്കാരനെ വകുപ്പില്‍ നിന്നും മാറ്റിയത്. ജീവനക്കാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെടുമെന്നും ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
     
    പൊതുഭരണവകുപ്പിന് കീഴില്‍ യുവാവിന് ജോലി ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളായിട്ടുള്ളൂ. പൊതുഭരണ വകുപ്പിലെ ഐ.എ.എസ് കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴിലായിരുന്നു നിയമനം. ക്ലാസ്സ് ഫോര്‍ തസ്തികയിലേക്കാണ് ഈ ദളിത് യുവാവിന് നിയമന ഉത്തരവ് ലഭിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ സെക്രട്ടറിയേറ്റിനുള്ളില്‍ താന്‍ നിരന്തര പീഡനത്തിനിരയാവുകയാണന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാലും പരാതികള്‍ നല്‍കാന്‍ തുനിഞ്ഞാലും പലപ്പോഴും കഴിയാറില്ലെന്നും ഇദ്ദേഹം പറയുന്നു. നിരന്തരമായി ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് പരായി നല്‍കാന്‍ ഈ യുവാവ് തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ തന്നെക്കൊണ്ട് എച്ചില്‍ വാരിക്കുമെന്നും, ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകിക്കുമെന്നും ദലിത് ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഫയലുകള്‍ താഴെ ഇട്ടശേഷം എടുപ്പിക്കുക, പേപ്പറുകള്‍ കീറി എറിഞ്ഞശേഷം പെറുക്കി മുറി വൃത്തിയാക്കുക തുടങ്ങിയ പീഡനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.