• പ്രത്യേക സംസ്ഥാന പദവി: ആന്ധ്രപ്രദേശില്‍ സംസ്ഥാന വ്യാപക ബന്ദ് ആരംഭിച്ചു

    ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് പ്രത്യേക ഹോദ സാധന സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ആരംഭിച്ചു. പ്രതിപക്ഷപാര്‍ട്ടികളായ യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി, ജനസേന, കോണ്‍ഗ്രസ് എന്നിവരെക്കൂടാതെ ഇടതു സംഘടനകളും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ തിരുപ്പതിയില്‍ ബന്ദ് അനുകൂലികള്‍ ബൈക്ക് കത്തിച്ചു. ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപമാണ് പ്രതിഷേധക്കാര്‍ ബൈക്ക് അഗ്‌നിക്കിരയാക്കിയത്.
     
    കൊല്‍ക്കത്ത-ചെന്നൈ ദേശീയ പാത ഉപരോധിച്ചാണ് ഇടത് പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. നിരവധി ഇടങ്ങളില്‍ റോഡ് ഉപരോധിച്ചും ധര്‍ണ ഇരുന്നും പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ആന്ധ്രപ്രദേശിന്റെ അതിര്‍ത്തിവരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. അതേസമയം, പ്രത്യേക പദവിക്കായി ശക്തമായി നിലപാടെടുത്തെങ്കിലും തെലുങ്ക് ദേശം പാര്‍ട്ടി ബന്ദിന് പിന്തുണ അറിയിച്ചിട്ടില്ല. ബന്ദുകള്‍ വികസനത്തിന് തടസം നില്‍ക്കുന്നവയാണെന്നും അതിനാല്‍ ബന്ദുകളെ പിന്തുണക്കാനാവില്ലെന്നും മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
     
    എന്നാല്‍, മുഖ്യമന്ത്രിയുടെത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശിച്ച് വൈ.എസ്.ആര്‍.സി രംഗത്തെത്തി. "നായിഡു പ്രതിപക്ഷത്തായിരിക്കുമ്പോള്‍ അയാള്‍ പല അവസരങ്ങളിലും ബന്ദ് നടത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അയാള്‍ വികസനം മുടങ്ങുമെന്ന് പറഞ്ഞ് ബന്ദുകളെ എതിര്‍ക്കുന്നു."  വൈ.എസ്.ആര്‍ നേതാവ് അമ്പാടി റാംബാബു പറഞ്ഞു. ബന്ദ് ഒരു ജനാധിപത്യപരമായ പ്രതിഷേധ രീതിയാണെന്ന് ചന്ദ്രബാബു മനസ്സിലാക്കണമെന്നും അദ്ദേഹത്തിന് അതിനെ എതിര്‍ക്കാന്‍ ഒരു അവകാശവുമില്ലെന്നും റാംബാബു പറഞ്ഞു. ടി.ഡി.പി സര്‍ക്കാര്‍ ബന്ദ് നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഏപ്രില്‍ 20ന് ഏകദിന നിരാഹാര സമരം നടത്തും