• ലോങ് മാര്‍ച്ചില്‍ ഉറച്ച് വയല്‍ക്കിളികള്‍.

    തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നതിനു മറുപടിയുമായി വയല്‍ക്കിളികള്‍. സമരക്കാരുടെ പക്ഷം ആണ് ശരിയെന്നു ഇതോടെ തെളിഞ്ഞതായും സിപിഎമ്മിന്റെ ഉദ്ദേശം നടക്കാന്‍ പോകുന്നില്ലെന്നും വയല്‍ക്കിളികള്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ എതിര്‍പ്പുകളെ മറികടന്നും ലോങ്മാര്‍ച്ചുമായി മുന്നോട്ടു പോകാനാണു സംഘടനയുടെ തീരുമാനമെന്നു നേതൃത്വം മനോരമ ഓണ്‍ലൈനിനോടു വ്യക്തമാക്കി. ലോങ് മാര്‍ച്ച് മേയ് മാസത്തോടെ നടത്താനാണു തീരുമാനിച്ചിരുന്നത്. ജില്ല കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകം കമ്മിറ്റികളും ക്യാംപെയ്‌നും ഇതിനു വേണം. എങ്കില്‍ മാത്രമെ മാര്‍ച്ച് വിജയിപ്പിക്കാനാകു. അതിനാണു ഇനിയും സമയം വേണ്ടത്. കോളജ് വിദ്യാര്‍ഥികളെയടക്കം സന്നദ്ധരാക്കിവേണം സമരത്തിനു തയ്യാറാകാന്‍. കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഏതറ്റംവരെയും പോകാനും കൂട്ടായ്മ തയ്യാറാണ്.
     
    പി.ജയരാജന്റെ നേതൃത്വത്തില്‍ കീഴാറ്റൂരിലെ വീടുകളില്‍ പോയി പറഞ്ഞത് പ്രവര്‍ത്തകരെ പാര്‍ട്ടി സ്ഥിരമായി പുറത്താക്കിയിട്ടില്ലെന്നാണ്. സിപിഎം നടപടി നേരിടുന്ന ഏതൊരു കുടുംബത്തേയും പാര്‍ട്ടി ഗ്രാമങ്ങളില്‍ അകറ്റിനിര്‍ത്തുകയാണു പതിവ്. എന്നാല്‍ കീഴാറ്റൂരില്‍ നടപടിയെടുത്തു മാസങ്ങള്‍ കഴിയുംമുന്‍പെ സിപിഎം ജില്ലാ നേതൃത്വം തന്നെ വീടുകളിലെത്തി അനുനയത്തിനു ശ്രമിക്കുന്നുണ്ടെങ്കില്‍ നീതി തങ്ങളുടെ ഭാഗത്തെന്നാണു വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഷക സമരം നടത്തി വിജയിപ്പിച്ച സംഘടന കേരളത്തില്‍ വയല്‍നികത്തലിനൊപ്പം നില്‍ക്കുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി, ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായുള്ള നീക്കമാണു വയല്‍ക്കിളി പ്രവര്‍ത്തകരുടെ വീടു കയറിയുള്ള പ്രചരണം. - വയല്‍ക്കിളി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
     
    സമരത്തിനു മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘങ്ങള്‍ വീടുകളിലെത്തി ഇത്തരം ബന്ധമുണ്ടോയെന്നു അന്വേഷിക്കുന്നുണ്ട്. കീഴാറ്റൂര്‍ സമരം പരാജയപ്പെട്ടാല്‍ പോലും ലോങ്മാര്‍ച്ച് നടത്താന്‍ സന്നദ്ധരാണ്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടനാ രൂപം പ്രാപിക്കുന്നതിനെ സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഭയപ്പെടുന്നതായും ഇവര്‍ പ്രതികരിച്ചു. സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട 11 പേരില്‍ ഏഴു പേരുടെ വീടുകളിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി വീണ്ടും സന്ദര്‍ശനം നടത്തിയത്. വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ്മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് പല വീടുകളില്‍ നിന്നും സമരക്കാര്‍ പ്രതികരിച്ചത്. ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം നടത്തുന്നത്.