• സര്‍ക്കാര്‍ ഇറക്കി വിടില്ലെന്നും തൊഴില്‍ തടസ്സപ്പെടുത്തില്ലെന്നും സബ് കലക്ടര്‍

     
    ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമവശം നോക്കി അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്‌നങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ ഡോ. എസ്.ചിത്ര. എസ്റ്റേറ്റിലെ തൊഴിലാളികളെ സര്‍ക്കാര്‍ ഇറക്കി വിടില്ലെന്നും തൊഴില്‍ തടസ്സപ്പെടുത്തില്ലെന്നും സബ് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എസ്റ്റേറ്റ് സന്ദര്‍ശിക്കും. പുനലൂര്‍ താലൂക്ക് ഓഫിസില്‍ നടന്ന യൂണിയന്‍ ഭാരവാഹികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു സബ് കലക്ടര്‍ വ്യക്തമാക്കിയത്. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്താലും ഇല്ലെങ്കിലും അവിടെ തരിശു ഭൂമിയായി ഇടാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ള തൊഴിലാളികളുടെ എണ്ണം, ജീവിതരീതി എന്നിവ മനസ്സിലാക്കാന്‍ സര്‍വേ നടത്താന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. നിലവില്‍ 31 കുടുംബങ്ങളാണ് ഇവിടെയുള്ളത്. പുനരധിവാസം വരുമ്പോള്‍ അനര്‍ഹരായവര്‍ കയറിപ്പറ്റാതിരിക്കാനാണു പരിശോധന നടത്തേണ്ടതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. 
     
    നടപടിക്രമങ്ങള്‍ നീണ്ടുപോയാല്‍ തൊഴിലാളികള്‍ പട്ടിണിയാകുന്നത് ഒഴിവാക്കാന്‍ അവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം, തൊഴിലാളികള്‍ക്ക് അവിടെ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനുമുള്ള അവസരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.   യൂണിയന്‍ നേതാക്കളായ എസ്.ബിജു, സി.ആര്‍.നജീബ്, മാമ്പഴത്തറ സലീം, ആര്‍.പ്രദീപ്, ചന്ദ്രന്‍, തോമസ് മൈക്കിള്‍, പുനലൂര്‍ തഹസില്‍ദാര്‍ പി.ഗിരീഷ് കുമാര്‍, തഹസില്‍ദാര്‍ ആര്‍.എസ്.ബിജുരാജ്, ആര്യങ്കാവ് വില്ലേജ് ഓഫിസര്‍ സന്തോഷ്‌കുമാര്‍, തെന്മല വില്ലേജ് ഓഫിസര്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.