• പുനലൂര്‍ നഗരത്തില്‍ ജലക്ഷാമം രൂക്ഷം

     കല്ലടയാറ്റില്‍നിന്നു പുനലൂര്‍ കുടിവെള്ള പദ്ധതിയിലേക്കുള്ള ഇന്‍ടേക്ക് വെല്ലില്‍ വെള്ളം എത്താതായതോടെ നഗരത്തില്‍ ജലക്ഷാമം. ദിവസവും 50 ലക്ഷം ലീറ്റര്‍ വീതം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15 ലക്ഷം ലീറ്റര്‍ മാത്രമാണു പമ്പ് ചെയ്യുന്നത്. രാവിലെ കല്ലടയാറ്റിലെ കിണര്‍ തുറന്നു ശുചീകരണം നടത്തിയെങ്കിലും ആവശ്യത്തിനു വെള്ളം അങ്ങോട്ടു ലഭിക്കുന്നില്ല. നഗരസഭയുടെ മിക്ക വാര്‍ഡുകളിലും കുടിവെള്ളം മുടങ്ങി. കല്ലട ജലസേചന പദ്ധതിയിലെ ലുക്കൗട്ട് വഴി കല്ലടയാറ്റിലേക്കു കൂടുതല്‍ ഒഴുക്കിയാല്‍ മാത്രമേ വരും ദിവസങ്ങളില്‍ ആവശ്യത്തിനു വെള്ളം ശേഖരിക്കാനാകൂ. 
     
    ജപ്പാന്‍, കുണ്ടറ പദ്ധതി അടക്കം രണ്ട് ഡസനോളം പദ്ധതികള്‍ക്കാണു കല്ലടയാറ്റില്‍ നിന്നു വെള്ളം എടുക്കുന്നത്. ഒന്നര മാസം മുന്‍പു സമാന പ്രശ്‌നമുണ്ടായപ്പോള്‍ കൂടുതല്‍ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ത്താന്‍ പേപ്പര്‍മില്‍ തടയണയുടെ ഉയരം വര്‍ധിപ്പിക്കുന്നതിനു തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. കല്ലടയാറ്റില്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നാല്‍ രൂക്ഷമായ ക്ഷാമമാവും മേഖലയില്‍ അനുഭവപ്പെടുക. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ദിവസവും അഞ്ച് ലക്ഷത്തോളം ലീറ്റര്‍ വെള്ളമാണു വേണ്ടിവരുന്നത്.