• ജനവാസമേഖലയില്‍ പുലിയിറങ്ങി ആടുകളെ കടിച്ചുകൊന്നു

     പകല്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി ആടുകളെ കടിച്ചുകൊന്നു. ആനപെട്ടകോങ്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ വീട്ടിലെ നാല് ആടുകളെയാണു കഴിഞ്ഞ ദിവസം പകല്‍ നാലു മണിക്കു പുലി കൊന്നത്. വീടിനു സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളാണു കൊല്ലപ്പെട്ടത്. ആടുകളുടെ നിലവിളി കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കൂട്ടില്‍ പുലി നില്‍ക്കുന്നതാണു കാണുന്നത്. പേടിച്ചു ബഹളം വച്ചപ്പോള്‍ പുലി ഓടി മറയുകയായിരുന്നു. നാല് ആടിന്റെയും കഴുത്തിനാണു പുലി കടിച്ചത്. ആനപെട്ടകോങ്കലില്‍ രാത്രിയില്‍ മാത്രമായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകലും പുലിയെ പേടിക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കോന്നിയില്‍ കടുവ മനുഷ്യനെ ഭക്ഷണമാക്കിയതോടെ കിഴക്കന്‍മേഖല ഒന്നാകെ ഭയത്തിലാണ്ടിരിക്കുകയാണ്.
     
    പകല്‍ പോലും പുലി ജനവാസമേഖലയില്‍ യഥേഷ്ടം വിഹരിക്കുന്നു. ഇതിനെതിരെ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ല. വനാതിര്‍ത്തികളില്‍ പുലി സാന്നിധ്യം വ്യക്തമായിട്ടും കെണിവച്ചു പിടിക്കാനും തയാറാകുന്നില്ല. മനുഷ്യ ജീവന് എന്തെങ്കിലും വിപത്തു സംഭവിച്ചാലെ പുലിക്കാര്യത്തില്‍ വനംവകുപ്പിന്റെ അനങ്ങാപ്പാറ നയം മാറുള്ളൂവെന്നാണു നാട്ടുകാരുടെ ആക്ഷേപം