• കേരള കോണ്‍ഗ്രസ്-ബിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

     
    കേരള കോണ്‍ഗ്രസ്-ബിയുടെ തലവൂര്‍ നടുത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ബോര്‍ഡുകളും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോട്ടോ പതിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും സമീപത്തായി സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
     
    രാത്രി 11 വരെ പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമാണ് അക്രമണം നടന്നിരിക്കുന്നത്. പാര്‍ട്ടി ഭാരവാഹിയായ കിഴക്കേഭാഗം പഞ്ചായത്ത് അംഗത്തിന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസ് നശിപ്പിച്ചതിനെതിരെ കുന്നിക്കോട് പോലീസില്‍ നേതൃത്വം പരാതി നല്കി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.