• ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുക - സാംസ്‌കാരിക നായകര്‍.

  സ്വന്തം ലേഖകന്‍
   
  കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കെതിരെ നടക്കുന്ന ആക്രമണങ്ങളേയും അടിച്ചമര്‍ത്തലിനേയും ഞങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങി ഏതാണ്ട് എല്ലായിടങ്ങളില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പലപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് സംരക്ഷണംനല്‍കുന്നതിന് പകരം പോലീസ് തന്നെ അവരെ ആട്ടിയോടിക്കാനും ക്രിമിനല്‍ കേസുകളില്‍ അകപ്പെടുത്താനും മര്‍ദ്ദിക്കാനും ഒക്കെയാണ് മുന്നോട്ട് വരുന്നത്. ഇത് ഈ വിഭാഗത്തെ പരസ്യമായി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരാക്കുന്നതിന് സാമൂഹ്യ വിരുദ്ധശക്തികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. 
   
  നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെടുന്നതും ആക്രമിക്കപ്പെടുന്നതുമായ മര്‍ദ്ദിത വിഭാഗമാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഈ വിഭാഗം പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത സാമൂഹ്യ ദൃശ്യതയെയും ചലനാത്മകയേയും ഇല്ലാതാക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍. പലപ്പോഴും കേരള പോലീസും മറ്റ് ഭരണകൂട സംവിധാനങ്ങളും ഈട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ നടപടികളുടെ ഭാഗമാവുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി സുപ്രസിദ്ധമായ നാല്‍സ കേസിലെ വിധിയിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയും ആണ്‍-പെണ്‍ എന്നത് പോലെ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക സ്വത്വത്തെ കൂടി അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ചുവടു പിടിച്ചാണ് കേരളസര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ നയംപ്രഖ്യാപിച്ചത്. പക്ഷെ എന്നിട്ട് പോലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ഒക്കെ ചെയ്യുന്നത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ഒറ്റപ്പെട്ട അറസ്റ്റുകളും നടപടികളും ഉണ്ടാകുന്നുണ്ടെങ്കിലും ആള്‍ക്കുട്ട ആക്രമണങ്ങളും അടിച്ചമര്‍ത്തലും ഇല്ലാതാകുന്നതിന് പര്യാപതമായ നടപടികള്‍ ഉണ്ടായിട്ടില്ല.
   
  ഈ സാഹചര്യത്തില്‍ കേരളത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനും ആക്രമണങ്ങള്‍ നടത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അതോടൊപ്പം കേരളത്തെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹാര്‍ദ്ദ സമൂഹമാക്കി മാറ്റിയെടുക്കുന്നതിനുള്ള പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാനും തയ്യാറാകണമെന്ന് കേരളസര്‍ക്കാറിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
   
  1. സച്ചിദാനന്ദന്‍ 2. പെരുമാള്‍ മുരുകന്‍ 3. ശശി കുമാര്‍ 4. ബി. രാജിവന്‍ 5. മീന കന്ദസ്വാമി 6. അനിത നായര്‍ 7. കനയ്യ കുമാര്‍ 8. ബി.ആര്‍.പി ഭാസ്‌കര്‍ 9. സി.വി ബാലകൃഷ്ണന്‍ 10. ബെന്യാമിന്‍ 11. ജെ. ദേവിക 12. മൈത്രി പ്രസാദ് 13. ഫൈസല്‍ ഫൈസു 14. കലപ്പറ്റ നാരായണന്‍ 15. ദീദി ദാമോദര്‍ 16. ഭാഗ്യലക്ഷ്മി 17. ഉണ്ണി ആര്‍ 18. ടി.ഡി. രാമകൃഷ്ണന്‍ 19. യു.കെ. കുമാരന്‍ 20. പെരുംമ്പടവം ശ്രീധരന്‍ 21. എന്‍.പി ഹാഫിസ് മുഹമ്മദ് 22. സുനില്‍ പി ഇളയിടം 23. സാറാ ജോസഫ് 24. എം.എന്‍ രാവുണ്ണി 25. ഗിതാനന്ദന്‍ 26. തുഷാര്‍ നിര്‍മ്മല്‍ സാരഥി 27. സി.എസ്. മുരളി 28. രേഷ്മ ഭരദ്വാജ് 29. ദിലീപ് രാജ് 30. പി.കെ പാറക്കടവ് 31. വി.കെ ശ്രീരാമന്‍ 32. സനല്‍ കുമാര്‍ ശശിധരന്‍ 33. ബീരാന്‍ കുട്ടി 34. ജോളി ചിറയത്ത് 35. പ്രതാപ് ജോസഫ് 36. മുരളി വെട്ടത്ത് 37. ശരത് ജോസഫ് 38. കിഷോര്‍ കുമാര്‍ 39. കപില്‍ .കെ 40. രാഘവന്‍ അത്തോളി