• മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ സി.പി.എം പണം നല്‍കില്ല

   
  മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ സി.പി.ഐ.എം പണം നല്‍കില്ലെന്ന് മന്ത്രി എ കെ ബാലന്‍. നേരത്തെ ഹലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വ്യത്യസ്ത നിലപാട്. ഓഖി ദുരിതം വിലയിരുത്താനായി കേരളത്തില്‍ എത്തിയ കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ അപാകതയില്ല. പിന്നെന്തിന് സി.പി.ഐ.എം പണം തിരിച്ചടയ്ക്കണമെന്നും എ കെ ബാലന്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളള പലരും മുന്‍പ് ഔദ്യോഗിക സ്ഥാനത്ത് ഇരുന്നപ്പോള്‍ ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നോ തുക അനുവദിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
   
  ഇന്നലെയായിരുന്നു വിഷയത്തില്‍ പ്രതികരണവുമായെത്തി സഹകരണ വകുപ്പ മന്ത്രി കടകംപള്ളി യാത്രയ്ക്ക ചെലവായ തുക നല്‍കാന്‍ പാര്‍ട്ടിയ്ക്ക ശേഷിയുണ്ടെന്ന് പറഞ്ഞിരുന്നത്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഹെലികോപ്റ്റര്‍ വിവാദത്തില്‍ തീരുമാനം ഇന്നു നടക്കുന്നസെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന് നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. അതേസമയം ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രംഗത്ത് വന്നിരുന്നു. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്ടര്‍ ഒരുക്കുന്നതിന് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും പ്രസ്തുത ഫണ്ട് ഉപയോഗത്തെ സി.എ.ജി എതിര്‍ത്തിട്ടില്ലെന്നും കെ.എം.എബ്രഹാം പറഞ്ഞിരുന്നു.
   
  "മുഖ്യമന്ത്രി വന്നതു കൊണ്ടാണ് അടിയന്തിര കേന്ദ്ര സഹായം ലഭിച്ചത്. അദ്ദേഹം വന്നില്ലായിരുന്നെങ്കില്‍ അത് ലഭിക്കുമായിരുന്നില്ല. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനു മുമ്പും ദുരിതാശ്വാസ ഫണ്ട് ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും" കെ.എം.എബ്രഹാം വ്യക്തമാക്കിയിരുന്നു.