• സിക്കിം മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം; ലൈവ് വാര്‍ത്ത റിപ്പോര്‍ട്ടര്‍ സിക്കിമിലേക്ക്

  പ്രതേക ലേഖകന്‍
   
  സിക്കിം മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്  കേരളത്തില്‍ നിന്ന് രണ്ട് പേര്‍ സിക്കിം സംസ്ഥാന ജൈവ കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കും. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ വയനാട് കല്‍പ്പറ്റ തൃക്കൈപ്പറ്റ സ്വദേശി സി.ഡി. സുനീഷും തൃശൂര്‍ അയ്യന്തോള്‍  സ്വദേശിയും കാര്‍ഷിക - ഭക്ഷ്യ സംസ്‌കരണ കണ്‍സള്‍ട്ടന്റും എഞ്ചിനീയറുമായ  ടി.പി.ദേവദാസുമാണ് 15 മുതല്‍ 23 വരെ ഗാന്‍ ടോക്കില്‍  നടക്കുന്ന ജൈവകര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്നത്. 
   
  ലോകത്തിലെ ആദ്യത്തെ ജൈവ സംസ്ഥാനമാണ് സിക്കിം. 2016-ല്‍ പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ജൈവ കോണ്‍ഗ്രസില്‍ സിക്കിം മുഖ്യമന്ത്രി പവന്‍ ചാം ലിംഗ് മുഴുവന്‍ സമയം പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നും സുനീഷും ദേവദാസും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം   ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജൈവകൃഷി മേഖലയിലും ഭക്ഷ്യ സംസ്‌കരണത്തിലും കേരളവും സിക്കിമും പരസ്പര ആശയ കൈമാറ്റവും  സാങ്കേതിക കൈമാറ്റവും ലക്ഷ്യം വെച്ചാണ് രണ്ട് പേരെ കേരളത്തില്‍ നിന്ന് ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ക്ഷണിച്ചതെന്ന് സിക്കിം ഹോര്‍ട്ടി കള്‍ച്ചര്‍  വകുപ്പ് സെക്രട്ടറി കെ.  ബൂട്ടിയ പറഞ്ഞു.
   
  ജൈവ മുന്നേറ്റത്തിന് സിക്കിം ഒരു മാതൃകയാണന്നും  അവിടുത്തെ മാതൃകയില്‍ കേരളം സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമാകുന്നതിന് ജൈവകര്‍ഷക സംഗമത്തിന് ശേഷം ഒരു പഠന റിപ്പോര്‍ട്ട്  സമര്‍പ്പിക്കുമെന്നും സി.ഡി.സുനീഷ് പറഞ്ഞു.