• വിവാദങ്ങള്‍ക്കൊടുവില്‍ റിലീസിനൊരുങ്ങി പദ്മാവതി.

   
  വിവാദങ്ങള്‍ക്കൊടുവില്‍ റിലീസിനൊരുങ്ങി സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതി. ജനുവരി 25 ന് ആണ് ചിത്രം റിലീസ് ചെയ്യുക. എതിര്‍പ്പുകളെ തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് സെന്‍സര്‍ ബോര്‍ഡ് നിശ്ചയിച്ച മാറ്റങ്ങളോടെയാണ് ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.
   
  ചിത്രം പ്രദര്‍ശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കര്‍ണി സേന മുമ്പ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കര്‍നി സേനാ മേധാവി ലോകേന്ദ്ര സിങ് കാല്വി വിവാദ പ്രസ്താവന നടത്തിയിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തിയിരുന്നു.
   
  സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്പുത് കര്‍ണി സേനാംഗങ്ങള്‍ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു.ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് ബി.ജെ.പി. നേതാവ് സൂരജ് പാല്‍ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. മേവാഡ് രാജകുടുംബത്തിന് എതിര്‍പ്പില്ലെങ്കില്‍ പത്മാവതിയുടെ റിലീസ് തടയില്ലെന്ന് രാജ്പുത് കര്‍ണി സേന പിന്നീട് അറിയിച്ചിരുന്നു.