• ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷി മൊഴികള്‍

    നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷി മൊഴികള്‍ ഉള്ളതായി സൂചന. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ ദിലീപിനെതിരെ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. കേസില്‍ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണു ഈ സാക്ഷി മൊഴികളെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഈ സാക്ഷി മൊഴികള്‍ കൂടാതെ ദിലീപിനെതിരെ വ്യക്തമായ മറ്റുതെളിവുകളുമുണ്ടെന്നാണ്് അന്വേഷണ സംഘം നല്‍കുന്ന വിവരം.കേസില്‍ ഇനി പ്രത്യേകിച്ച് ആരെയും ചോദ്യം ചെയ്യേണ്ടതില്ല. എന്നാല്‍, അന്വേഷണ പുരോഗതിക്കനുസരിച്ച് കാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കുമെന്നും സംഘം സൂചന നല്‍കുന്നു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാതെതന്നെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന അന്വേഷണ സംഘത്തിന് ബലം പകരുന്നത് ഈ സാക്ഷി മൊഴികളാണ്.
     
    കേസില്‍ പ്രധാന പ്രതിയായ സുനില്‍ കുമാറിന് (പള്‍സര്‍ സുനി) ക്വട്ടേഷന്‍ നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദിലീപിനെതിരെ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാല്‍ തന്നെ പ്രതിഭാഗം ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും തെല്ലും ആശങ്കയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നടനെതിരെ വ്യക്തമായ തെളിവ് ഉള്ളതിനാല്‍ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിലീപിനെതിരെയുള്ള കുറ്റപത്രം ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കും. ഇതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും അറുതിവരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. ദിലീപ് അഞ്ചാം തവണയും സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ ചൊവ്വാഴ്ച നല്‍കിയ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നല്‍കിയ ആദ്യ കുറ്റപത്രത്തിലെ ഗൂഢാലോചനയും തനിക്കെതിരേ ആരോപിക്കുന്ന ഗൂഢാലോചനയും തമ്മില്‍ വൈരുധ്യം ഉണ്ടെന്നാണ് പ്രധാന ആരോപണം.