• ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി.

    പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും അറുതി വരുത്തിക്കൊണ്ടാണു പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ സന്യാസ സഭാംഗവുമായ ഫാ. ടോമിന്റെ മോചനം. പ്രത്യേക വിമാനത്തില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെത്തിച്ചശേഷം ഫാ. ടോമിനെ ഇതേ വിമാനത്തില്‍ വത്തിക്കാനിലെത്തിച്ചു. അന്‍പത്തിയേഴുകാരനായ ഫാ. ടോമിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യമായേക്കും. മോചിതനായതില്‍ ദൈവത്തിനും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ഫാ. ടോം നന്ദി പറഞ്ഞു. വത്തിക്കാന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവനുസരിച്ചാണു യെമനിലെ കക്ഷികളുടെ സഹായത്തോടെ ഫാ. ടോമിനെ മോചിപ്പിച്ചതെന്ന് ഒമാന്‍ സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. 
     
    ഫാ. ടോമിന്റെ മോചനവിവരം ഔദ്യോഗികമായി പുറത്തുവിട്ട ഒമാന്‍ സര്‍ക്കാരിന്റെ അറിയിപ്പില്‍ വത്തിക്കാന്റെ അഭ്യര്‍ഥനയെക്കുറിച്ചു പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിനെക്കുറിച്ചോ ഇടപെടലിനെക്കുറിച്ചോ പരാമര്‍ശമില്ല. മോചിതനായ വൈദികനെ ആദ്യം മസ്‌കറ്റിലെത്തിച്ചതും പിന്നീട് വത്തിക്കാനിലേക്കയച്ചതും ഇന്ത്യന്‍ സര്‍ക്കാരിനെയോ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയെയോ അറിയിക്കാതെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.