• കൊല്ലം- പുനലൂര്‍ പാത നാലുവരിയാക്കും

  കൊല്ലം ജില്ലയുടെ വികസനവേഗത്തിന് കരുത്ത് പകരാന്‍ കൊല്ലം- പുനലൂര്‍ പാത നാലുവരിയാക്കി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടി നേടിയായിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഓണം കഴിയുമ്‌ബോഴേക്കും ഇതിനുള്ള നടപടി ആരംഭിക്കും.നേരത്തെ കൊല്ലം മുതല്‍ തിരുമംഗലം വരെയുള്ള റോഡ് പത്തുമീറ്ററായി വികസിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനുള്ള പ്രരംഭനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായി 200 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ നിലവിലെ ഏഴുമീറ്റര്‍ റോഡിനെ പത്തു മീറ്റര്‍ ആക്കി വികസിപ്പിക്കുന്നതുകൊണ്ട് നാടിന്റെ ഭാവിവികസനം യാഥാര്‍ത്ഥ്യമാകില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാലുവരിയാക്കാന്‍ തീരുമാനിച്ചത്. റോഡിന്റെ വീതി 30 മീറ്ററാക്കും. പത്തുമീറ്റര്‍ വികസനത്തിനായുള്ള അലൈന്‍മെന്റ് നേരത്തെ തയ്യാറാക്കിയിരുന്നു. 
   
  30 മീറ്റര്‍ പാതയ്ക്കുള്ള പുതിയ അലൈന്‍മെന്റ് ഉടന്‍ തയ്യാറാക്കും. എത്രത്തോളം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമാരാമത്ത് വകുപ്പ് റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതിനു ശേഷമാകും എസ്റ്റിമേറ്റ് തയ്യാറാക്കുക. ചില സ്ഥലങ്ങളില്‍ ഫ്‌ലൈഓവറുകള്‍ നിര്‍മ്മിച്ചുകൊണ്ടാകും റോഡ് വികസനം. ഒന്നാംഘട്ടം കൊല്ലം മുതല്‍ കൊട്ടാരക്കരവരെ 30 കിലോമീറ്റര്‍ , രണ്ടാംഘട്ടം കൊട്ടാരക്കര മുതല്‍ പുനലൂര്‍ വരെ 17.2 കിലോമീറ്റര്‍ ഫ്‌ളൈഓവറുകള്‍ :മൂന്നാംകുറ്റി,കരിക്കോട്,ഇളമ്ബള്ളൂര്‍,പള്ളിമുക്ക്,കൊട്ടാരക്കര,കല്ലുംതാഴം
  റോഡ് വികസനത്തിന് വേണ്ടത്
   
  നിലവിലെ ഗതാഗത കുരുക്കിന് പരിഹാരം മാത്രമല്ല ഭാവിവികസനത്തിനുകൂടി ഊന്നല്‍ നല്‍കിക്കൊണ്ടാണ് റോഡ് നാലുവരിയായി വികസിപ്പിക്കാന്‍ തീരുമാനമെടുത്തത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പൊതുജനങ്ങളുടെ പൂര്‍ണസഹകരണം ആവശ്യമാണെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു