• പൂക്കളമൊരുക്കാന്‍ പോരൂന്നോ........

    ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്. "അത്തം പത്തേിന് പൊന്നോണം എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
    ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ കേരളത്തിലും മധുര ഉള്‍പ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ "മധുരൈകാഞ്ചി "യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്.